കൂട്ടുപ്രതികള്‍: ഭാഗം മൂന്ന്: വിധി

കൂട്ടുപ്രതികള്‍: ഭാഗം മൂന്ന്:വിധി

ഒരു നാലഞ്ച് ആഴ്ച  എടുത്തു രേവതിക്ക് കോടതി വിധിയുടെ അര്‍ത്ഥം മനസിലാക്കാന്‍.മാധവേട്ടനാണ് മരിച്ചെതെന്ന് കോടതിക്ക് നല്ല ഉറപ്പുണ്ട്. കൊന്നതെങ്ങനെ എന്നും. എന്നാല്‍ ആരാണ് മാധവേട്ടനെ കൊന്നതെന്നതില്‍ കോടതിക്ക് ഭയങ്കര സംശയം!. മനസ്സിലാകാത്തത് താന്‍ കണ്ടത് എങ്ങനെ കോടതിക്ക് തീരെ വിശ്വാസമായില്ല എന്നതാണ്. തീരെ മനസിലാകാത്തത് എലിസ്സബത്ത് അക്ക എങ്ങനെ അയാളെ അവരുടെ ഷാപ്പില്‍ കണ്ടു എന്നതാണു. ഒരു പക്ഷേ, മനശാത്രഞ്ജന്മാര്‍ കോടതിയില്‍ പറഞ്ഞ പോലെ, തന്‍റെ ഓര്‍മ്മകള്‍ കലങ്ങി മറിഞ്ഞതാവാം.

സുഭദ്രേടത്തിയുടെ മക്കളുടെ സ്കൂള്‍ യൂണിഫോര്‍മ് തുന്നിയത് കൊടുക്കാന്‍ പോയപ്പോളാണ് അടുത്തു തന്നെയുള്ള എലിസബത്ത് അക്കയുടെ വീട്ടിലേക്ക് രേവതി പോയത്. വരാന്തയില്‍ കാത്തുനില്‍ക്കാതെ നേരെ അവരുടെ അടുക്കളയിലേക്ക് രേവതി കയറി. അക്ക അപ്പോള്‍ അടുപ്പില്‍ ചായക്ക് വെള്ളം തിളപ്പിക്കുകയായിരുന്നു. രേവതിയെ കണ്ടപ്പോള്‍ ചിരിച്ചു, “മോളിരിക്ക് , ഒരുക്ലാസ്സ് ചായവെള്ളം കുടിക്കാലോ” എന്നു പറഞ്ഞു, അവര്‍ അടുക്കളയിലെ ബെഞ്ച് ഒന്നു തുടച്ചു, ഇരിക്കാന്‍ ആഗ്യം കാട്ടി. ബെഞ്ചില്‍ ഇരുന്നു, ഒരു വിമ്മിഷ്ടത്തോടെ രേവതി തുടങ്ങി:

“അക്ക എന്നെ അടിച്ചു പുറത്താക്കുമെന്നാ കരുതിയെ.. അന്ന് കോടതി മുറ്റത്ത് നിന്നു ഞാനങ്ങനെയൊന്നും പെരുമാറരുതായിരിന്നു…”.

അക്ക തന്‍റെ മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖം തുടച്ചു, “എന്‍റെ മോളെ അതൊക്കെ നീം പറയണോ” എന്നു ചോദിച്ചു, തിളക്കുന്ന വെള്ളത്തിലേക്ക് കുറച്ചു കണ്ണന്‍ ദേവന്‍ പൊടിയിട്ടു.

“എന്നാലും എങ്ങനെ ഗോപാലന്‍ നിങ്ങളുടെ ഷാപ്പില്‍ ഉണ്ടായിരുന്നൂ എന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നേയില്ല..”, ബെഞ്ചിന്‍റെ പുറകിലെ ചുമരില്‍ ഒന്നു ചാരി ഇരുന്ന്‍, രേവതി ചിരിച്ചു കൊണ്ട് ചോദിച്ചു.

“നിനക്കു പ്രാകാ മോളെ.. ഗോപാലനൊന്നും അന്ന് ഷാപ്പില് വന്നിട്ടൂല്ല.  ഭാസ്കരനുമായി തല്ല് കൂടീട്ടുല്ല. അന്ന് ഷാപ്പിലെ കള്ള് കുപ്പികള്‍ ആരും ഉടച്ചിട്ടൂല്ല!.”

അത്ഭുതം കൊണ്ട് ബെഞ്ചില്‍ മുന്നോട്ടാഞ്ഞു തന്നെ തന്നെ നോക്കുന്ന രേവതിയെ ഒന്നു നോക്കി, അടുപ്പിലെ ചായ പത്രം വാങ്ങി വച്ച്, അക്ക പറഞ്ഞു

“മാധവനോട് ഇങ്ങനെ ഞാന്‍ ചെയ്തല്ലോ എന്നു വിചാരികുമ്പോള്‍ വല്യ വെഷമം തോന്നും. എന്താ ചെയ്യക മോളെ, ഇതെല്ലാം പോലീസും, പാര്‍ട്ടികളും തമ്മിത്തമ്മിലെ ഒത്തുകളിയാന്നു എല്ലാര്‍ക്കും അറിയാം. ഒരു പാര്‍ട്ടി മറ്റെ പാര്‍ട്ടിക്കാരെ കൊല്ലും. പോലീസ് പരക്കം പായുമ്പോള്‍, കൊന്ന പാര്‍ട്ടിക്കാര്‍ പൊലീസിന് ആരാ കൊന്നെന്നതെന്ന് പറഞ്ഞു ഒരു ലിസ്റ്റ് കൊടുക്കും. ലിസ്റ്റിലുളോര് കോടതീല് വരുമ്പോള്‍ ആര്‍ക്കും ആരെയും തിരിച്ചറിയാന്‍ പറ്റൂല. കേസ് കെട്ടു ചത്തുപോവും. ഇതല്ലേ ഇബിടെ എന്നും നടക്കുന്നത് മോളെ..”

പറഞ്ഞതൊന്നും അത്ര മനസ്സിലാകാതെ രേവതി നില്‍കുമ്പോള്‍, ഒരു നല്ല കുപ്പി ഗ്ലാസില്‍ പകര്‍ന്ന ചായ അക്ക രേവതിക്ക് കൊടുത്തു. ചായ ഒരിറക്ക് കുടിച്ചു തന്നെ നോക്കുന്ന രേവതിയോട് അക്ക പറഞ്ഞു, “പക്ഷേ നീ കണ്ട മാലോകരോടെല്ലാം:- പത്രക്കാരോടും, വന്ന പോലീസുകാരോടും, എല്ലാരോടും – ഗോപാലന്‍റെ പേര് വിളിച്ച് പറഞ്ഞപ്പോള്‍, പോലീസിന് അയാളുടെ പേരു കേസില്‍ ചേര്‍ക്കാതെ വയ്യാതായി. ബാക്കി എട്ട് പേരും ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ കൊടുത്ത ലിസ്റ്റിലേയാ.. അപ്പോ ഗോപാലന്‍റെ പാര്‍ട്ടിനേതാവും സംഘവും ഷാപ്പില് വന്നു പറഞ്ഞു, “അക്ക ഗോപാലന്‍ ഇവിടെ ഈ ഷാപ്പില്‍ ഉണ്ടായിരുന്നൂ” എന്നു പറയണം എന്നു. ബാക്കി എല്ലാം ഭാസ്കരന്‍ – ഓന്‍ ആ പാര്‍ട്ടിക്കാരനാളല്ലോ – പറഞ്ഞോളും എന്നു.” ഒരു പഴയ പാട്ടയില്‍നിന്ന് നിന്നു രണ്ടു റസ്കെടുത്ത് രേവതിക്ക് മുന്‍പില്‍ ഒരു വസ്സിയില്‍ വച്ച്, അക്ക , കണ്ണില്‍ പെട്ടെന്നു കോപം നിറച്ചു, തല രണ്ടു വശത്തേക്കും വെട്ടിച്ചു തുടര്‍ന്നു:

“ഞാന്‍ പറഞ്ഞു, “മക്കളെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മാധവന്‍റെ പാര്‍ട്ടിക്കാര്‍ എന്നെ വന്നു തല്ലും, ഈ ഷാപ്പ് പൊളിക്കും. എനിക്ക് വയ്യ പൊല്ലാപ്പിന്” എന്ന്. ഒന്നു രേവതിയെ നോക്കി, അടുത്തു വന്നു ഇരുന്ന്‍: “അപ്പോളേ വന്നവന്‍മാര്‍ ഒന്നു ചിരിച്ചു, എന്നാ പിന്നെ കാണാം അക്ക എന്നു പറഞ്ഞു വേഗം പോയി. ഞാന്‍ വിചാരിച്ചു ആ പൊല്ലാപ്പോഴിഞ്ഞു കിട്ടീന്ന്”.

ഒന്നു രേവതിയുടെ അടുത്തേക്ക് വീണ്ടും നീങ്ങി, ഒച്ച വളരെ താഴ്ത്തി, “എന്നാല്‍ വൈന്നേരം, നിന്‍റെ മാധവന്‍റെ പാര്‍ട്ടിക്കാര്‍ എന്നെ വന്നു കണ്ടൊപ്പോഴാ മോളെ, ഇതിന്‍റെയൊക്കെ ഗുട്ടന്‍സ് അക്കാക്കു തിരിഞ്ഞത്..”. എന്തേ എന്നു ചോദിച്ചു നോക്കുന്ന രേവതിയോട് അക്ക ഒരു വിഷാദത്തോടെ പറഞ്ഞു:

”മാധവന്‍റെ ആള്‍ക്കാര്‍ വന്നിട്ട് പറഞ്ഞു, അക്കാ, നിങ്ങള് ഗോപാലന്‍റെ പാര്‍ട്ടിക്കാര്‍ പറെന്നപോലെ ചെയ്തോളീ. ഞാന്‍ ഒന്നു ഞെട്ടിപ്പോയീ മോളെ… ഞാന്‍ പറഞ്ഞു , “എല്ലാ മക്കളെ, അപ്പോ നിങ്ങളെ ചങ്ങായീനെ കൊന്നൊന്‍മാര്‍ രക്ഷപ്പെടൂലെ..” അപ്പൊ അവര്‍ പറയാ, ഞങ്ങള്‍ അവറ്റകളിലൊന്നിനെ കൊന്നാല്‍ ഇങ്ങോട്ടും അവര്‍ അഡ്ജസ്റ്റ് ചെയ്യൂന്ന്.” അക്കാ ഒന്നു നെടുവീര്‍പ്പിട്ടു. “മോളെ കള്ളുഷാപ്പാ ഞാന്‍ നടത്തുന്നേ.. എനിക്കു രണ്ടു പാര്‍ട്ടിക്കാരും വേണം. രണ്ടാളും പറഞ്ഞപ്പോ ഞാനെന്തൊകയോ പറഞ്ഞൂ കോടതീല്.”

ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്ന രേവതിയെ, അമ്മയുടെ വല്‍സല്യത്തോടെ തലോടി, അക്കാ പറഞ്ഞു “മോളെ നീയോരു പാവാ.. അമ്മൂന് നീയോരാളെ ഉള്ളൂ. ഇതൊക്കെ മറന്നു നീ നല്ലോണം ജീവിക്കണം.” എല്ലാം ഒരു പുഞ്ചിരിയില്‍ കേട്ടു നിന്ന രേവതിയോട്, വീണ്ടും സ്നേഹത്തോടെ അക്കാ പറഞ്ഞു

“നിനക്കൊരു പണിയും വേണം. വെറും തുന്നലുകൊണ്ടു നിനക്കു എങ്ങനെ ജീവിക്കാം. നീയെന്‍റെ കൂടെ ഷാപ്പിലെ അടുക്കളേല് കൂട്. ദിവസം ഒരു മൂന്നോ നാലോ മണിക്കൂര്‍. നല്ല പൈസായാ മോളെ..”

“ആലോചിക്കാം അക്കാ” എന്നു പറഞ്ഞു, രേവതി ചായ മട്ടുതട്ടുവോളം കുടിച്ചു. ഗ്ലാസ്സ് താഴെ വെച്ചു അക്കയോട് സ്നേഹത്തോടെ വിട പറഞ്ഞു രേവതി ഇറങ്ങി. നടക്കുമ്പോള്‍, അവളുടെ മനസ്സ് നല്ല നീലാകാശം പോലെയായിരുന്നു. തന്‍റെ മനസ്സ്, കോടതി പറഞ്ഞപോലെ കലങ്ങി മറിഞ്ഞിട്ടൊന്നുമില്ല. ഭാഗ്യം!

 

തുന്നലുകൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ല എന്നു രേവതി തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞു ജോലി വേണമെന്നു പറഞ്ഞു ചെന്നപ്പോള്‍, അക്ക ഒരുപാട് സന്തോഷത്തോടെ ആണവള്‍ക്കു കള്ളുഷാപ്പിലെ അടുക്കള കാണിച്ചു വിവരിച്ചു കൊടുത്തതു. മോളേശ്ശനും, കപ്പയും, പുഴ മീന്‍ പൊരിച്ചതും, നത്തോലി വറുത്തതും വെക്കണം. ചിലപ്പോള്‍ കൊഞ്ചനും, കല്ലുമ്മകായും വേണം. നല്ല എരുവില്‍ വെക്കണം, “അതാണ് കുടിയന്‍മാര്‍ക്ക് ഇഷ്ടം”, ഒരു രഹസ്യം പോലെ അക്ക രേവതിയോട് പറഞ്ഞു. പിന്നെ ആയ കറികള്‍ ഒരു ചെബു വസ്സിയിലാക്കി, “കസ്റ്റമേര്സിന്” കൊടുക്കണം. “ കുടിയന്‍മാരാ, അധികം അടുപ്പമൊന്നും കാട്ടേണ്ട..”  അക്ക ഉപദേശിച്ചു.

 

മഞ്ഞളും മുളകും ഇട്ടു, വെളുത്തുള്ളിയും തേങ്ങയും ചതച്ചരച്ചിട്ടുണ്ടാക്കിയ കപ്പയില്‍, പുഴമീന്‍ മോളേശ്ശന്‍ ഒഴിച്ച്, രേവതി ഗോപാലന്‍റെ മുന്നില്‍ കൊണ്ട് വച്ചു. രണ്ടുമൂന്നു കുപ്പി കള്ള് ഇപ്പളെ തീര്‍ത്തിരിക്കുന്നു അയാള്‍. ഗോപാലന്‍ ഒട്ടുമിക്ക ദിവസങ്ങളിലും ഷാപ്പിലെത്തും. ഒരഞ്ച് മണിക്ക് വന്നാല്‍ പിന്നെ ഒബത്ത് പത്തു മണി വരെ അയാളുണ്ടാവും ഷാപ്പില്‍. ഷാപ്പിനുള്ളില്‍, അടുക്കളക്ക് അടുത്തായി അയാള്‍ക്കു മാത്രമായി ഒരു ബെഞ്ചുണ്ട്. ആരവിടെ ഇരുന്നാലും, അയാള്‍ വന്നാല്‍ എഴുന്നേറ്റ് ഒഴിഞ്ഞുമാറി മറ്റ് ബെഞ്ച്കളിലേക്ക് പോകും.

കള്ളുകുപ്പി മേലോട്ടാക്കി, നാക്കുകൊണ്ട് കുപ്പിയുടെ മുഖദ്വാരം ഇടക്കിടക്ക് ഇളക്കി, കുപ്പിയിലേക്ക് ഇരച്ചു കയറുന്ന കുമിളകള്‍ കണ്‍ താഴ്ത്തി നോക്കികൊണ്ടു ഗോപാലന്‍ കള്ള് മോന്തുന്നതിന്നിടക്കാണ് രേവതി ഉപദംശങ്ങള്‍ അയാളുടെ മുന്നില്‍ മേശപ്പുറത്ത് വെച്ചത്തു. “പുതിയാളാ?”, എന്നു തുടങ്ങി തുടരവേയാണയാള്‍ രേവതിയെ ശരിക്ക് കണ്ടത്. ഒന്നു പകച്ചു നിറുത്തി. “നീയാ മാധവന്‍റെ ഭാര്യ അല്ലേ?”, എന്നയാള്‍ ചോദിച്ചു. ഗോപാലനെ നോക്കി ഒന്നു ചിരിച്ചു, അയാള്‍ മേശപ്പുറത്ത് വച്ച കള്ള് കുപ്പി ഒന്നരികിലേക്ക് മാറ്റി, തിന്നാനുള്ളത്ത് അയാള്‍ക്ക് എടുക്കാന്‍ സൌകര്യത്തില്‍ മുന്നിലേക്ക് വച്ച്, അവള്‍ ഒന്നു മെല്ലെ തലകുലുക്കി. അവളുടെ കൈകളുടെ ഒതുക്കമുള്ള ചലനങ്ങളില്‍ നിന്നു കണ്ണെടുക്കാതെ അത്ഭുതത്തോടെ ഗോപാലന്‍  ചോദിച്ചു: ”നീയെന്താ ഇവിടെ പണിക്ക്?”. “എന്‍റെ മീങ്കറിയും കപ്പയും തിന്നാല്‍ തന്നെ ഗോപാലേട്ടന് അത് ബോദ്യാവും”, ഒരു കുസൃതി കലര്‍ത്തി രേവതി പറഞ്ഞു. “പിന്നെ ജീവിക്യെം വേണ്ടേ”. ആകസ്മികമായ ഒരു ചങ്ങാത്തം രേവതിയുടെ വാക്കില്‍ മണത്ത ഗോപാലന്‍, സാധ്യതകളുടെ ഒരുപാട് വഴികള്‍ മനസ്സില്‍ കണ്ടു, ഒന്നും പറയാതെ, തന്‍റെ കള്ള് കുപ്പിയിലേക്ക് തിരിഞ്ഞു. അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുന്ന രേവതിക്ക്, അയാളുടെ കണ്ണുകള്‍ തന്‍റെ ശരീരം പരതിനടക്കുന്നത് നന്നായി അറിയാമായിരുന്നു.

 

നാലഞ്ച്  ദിവസം കഴിഞ്ഞൊരുനാള്‍, ഗോപാലന്‍ കള്ളുഷാപ്പിലിരുന്നു മീന്‍ വറുത്തതിന് കാത്തിരിക്കുമ്പോഴാണ്, കുഞ്ഞിരാമേട്ടന്‍ കുടിക്കാന്‍ വന്നത്. പത്തെഴുപത് വയസ്സായിരിക്കും അദ്ദേഹത്തിന്. രേവതി വേഗം അവര്‍ക്കുള്ള നത്തോല്‍ വറുത്തത് ഉണ്ടാക്കാന്‍ തുടങ്ങി. “ഒന്നാ ഗോപാലന്‍റെ മീന്‍ വറുത്തത് ഒന്നു കൊടുത്തേക്കണേ” എന്നു അക്കയോടു അവള്‍ വിളിച്ച് പറഞ്ഞു. മുന്നില്‍ മത്തി വറുത്തത് കൊണ്ടുവച്ചത് ഒരു വയസ്സന്‍ കൈയ്യാണെന്നു പെട്ടെന്നു മനസിലാക്കി, കാളുന്ന കണ്ണോടെ ഗോപാലന്‍ അക്കയോടലറി: ”രേവതിയെവിടെ.. നിന്നോടാണോ നായിന്‍റെമോളെ ഞാന്‍ ഇതിന് ചോദിച്ചതു”. അക്കാക്ക് ശരിക്കും കലി കയറി, “ഓ ഓള്‍ മാത്രം തെന്നാലെ തോണ്ടെന്നിറങ്ങൂ”. കുഞ്ഞിരമേട്ടന് കറിയുമായി വരുന്ന രേവതി കണ്ടത്, പെട്ടെന്നു കത്തിക്കയറി എഴുന്നേറ്റു, ബെഞ്ച് മാറ്റി തെറിപ്പിച്ചു, അക്കയുടെ അടുത്തേക്ക് പാഞ്ഞുചെല്ലുന്ന ഗോപാലനെയാണ്. ഓടിച്ചെന്നു, ഇരുവര്‍ക്കിടയിലും നിന്നു, “എന്‍റെ ഗോപാലേട്ടാ, നിങ്ങളും ഇങ്ങനെയായാലോ” എന്നു ചോദിച്ചവള്‍ നിന്നു. പതച്ചു കയറുന്ന ഗോപാലന്‍, തന്‍റെ കൈത്തണ്ടയില്‍ അമര്‍ത്തി പിടിക്കുന്ന രേവതിയുടെ കൈയുടെ ചൂടറിഞ്ഞപ്പോള്‍, ഒന്ന്‍ ശാന്തനായി. “ഗോപാലേട്ടന്‍ ഇരിക്ക്, ഞാന്‍ കൊണ്ട് വരിലേ എല്ലാം” എന്നു പറഞ്ഞു രേവതി അടുക്കളയിലേക്ക് നീങ്ങി. “അതേ അതേ , ഓള്‍ടെ കെട്ടിയോനെ കൊന്നതും പോര, ഇപ്പോ അവന് ഓളുതന്നെ വെച്ചു വിളംബണം..” അക്ക മൂക്കു ചീറ്റി, വെറളി പിടിച്ച് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. ഗോപാലന്‍റെ മത്തിക്കറിയുമായി രേവതി വന്നപ്പോള്‍, അയാളുടെ കണ്ണില്‍ സംശയതിന്‍റെയും, ഒരുതരം പേടിയുടെയും നിഴലുകള്‍ രേവതി കണ്ടു. “ഞാനൊന്നും അയാളെ കൊന്നിട്ടില്ല, കോടതിയൂം അത് തന്നെയല്ലേ പറഞ്ഞത്” അവള്‍ വച്ച പ്ലേറ്റില്‍നിന്നും, ഒരു മത്തിയെടുത്ത് കടിച്ചു, ഒന്നുച്ചത്തില്‍ തന്നെ അയാള്‍ പറഞ്ഞു. “പിന്നെ എനിക്കറിയില്ലേ ഗോപാലേട്ടാ, ഇങ്ങള് പറേണോ.. കോടതീല്‍ ഞാന്‍ ഓരോന്ന് വിളിച്ച് പറഞ്ഞതിന്, എന്നോടു ഇങ്ങല്‍ക്ക് കലമ്പു ഉണ്ടാവുമോ എന്നാ എന്‍റെ പേടി”, ഒന്നു ഗോപാലനെ നോക്കി പുഞ്ചിരിച്ചു, അല്പം ജാളൃതയോടെ അവള്‍ പറഞ്ഞു. മേശയുടെ അറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന അവളുടെ നീണ്ട വിരലുകള്‍ ആര്‍ത്തിയോടെ നോക്കി, അവളുടെ നിഷ്കളങ്കമായ ഉത്തരത്തില്‍ ധൈര്യം കണ്ടെത്തി, അയാള്‍ അവളുടെ ആ വിരലുകള്‍ ഒന്നു മെല്ലെ തൊട്ടു. ഗോപാലന്‍റെ വിരലുകള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ചു, ഗോപാലനെ നോക്കി വശ്യമായി ചിരിച്ചു, “ ഓ ഈ ഗോപാലേട്ടന്‍!” എന്നു കുണുങ്ങി, അവള്‍ മെല്ലെ തന്‍റെ കൈ പിന്‍വലിച്ചു, ഒരു കള്ളചിരിയോടെ അടുക്കളയിലേക്ക് വേഗം നടന്നു. ഗോപാലന്‍, തന്‍റെ മദിച്ചുയരുന്ന ഹൃദയം ഒരു കുപ്പി കള്ളില്‍ പൊതിര്‍ത്തു, അടുക്കളയില്‍ അടുപ്പില്‍ കറികള്‍ വെക്കുന്ന രേവതിയുടെ മുടി വീണു മറഞ്ഞ കവിളുകളില്‍, വിയര്‍ത്ത് മിന്നുന്ന കഴുത്തില്‍, ഉയര്‍ന്നമരുന്ന മാറിടത്തില്‍, അവളുടെ നേര്‍ത്ത വയറിന്‍റെ കയറ്റിറക്കത്തില്‍ കണ്ണാല്‍ കാമം കൊണ്ട് വരച്ചു, വരുമൊരു കാലം എന്നു മനസ്സില്‍ മന്ത്രിച്ചു അടുത്തുള്ള കള്ള് കുപ്പി തന്‍റെ തൊണ്ടയിലേക്ക് കമഴ്ത്തി.

 

പിറ്റെന്നു ഷാപ്പിലേക്ക് പോകും വഴി, രേവതി രഘുവേട്ടന്‍റെ കടയില്‍ ഒന്നു കയറി. കുറെനാളായി അമ്മുവിന് ഒരു പുതിയ അപ്പുവിനെ വാങ്ങണം എന്നു വിചാരിച്ചിട്ടു. കടയില്‍ അപ്പോള്‍ മനുവും ഉണ്ടായിരുന്നു. രഘുവേട്ടന്‍റെ മൂത്ത മോനാണ് മനു. ഇപ്പോള്‍ ഒന്നാം വര്‍ഷ എഞ്ജിനീറിങ്നു തൃശൂരില്‍ പഠിക്കുന്നു. തന്‍റെ മോനോരു എഞ്ജിനീയരാണെന്ന് കടയില്‍ വരുന്നവരോടെല്ലാം ഒരു രണ്ടു പ്രാവശ്യമെങ്കിലും പറയണം രഘുവേട്ടന്. പുതിയ അപ്പുവിനെ കടലാസ്സില്‍ പൊതിഞ്ഞത് വാങ്ങി, മനുവിനു അതിന്‍റെ പൈസ കൊടുക്കുമ്പോള്‍ രേവതി ചോദിച്ചു: ”മനുവെ, ഞാന്‍ കൈയിലുള്ള പഴയ ഒരു പാവയും കൊണ്ട് വന്നിട്ടുണ്ട്. അപ്പു തന്നെ, പക്ഷേ അതിന്‍റെ പീപ്പി പൊട്ടിപ്പോയിരിക്കുന്നു. നിനക്കതൊന്ന് നന്നാക്കാന്‍ പറ്റ്വോ?”. രേവതി കൊണ്ടുവന്ന ആ പഴയ അപ്പുവിനെ നോക്കി, അവന്‍റെ വയറില്‍ ഒന്നമര്‍ത്തി, തുംബികൈയുന്നുള്ളില്‍ കണ്ണിറുക്കി നോക്കി, “ഏച്ചി, ഇതിന്‍റെ പീപ്പി ഒന്നു മാറ്റിയാല്‍ മതി, ഞാനിതിപ്പോ ശരിയാക്കി തരാം” എന്നു പറഞ്ഞു മനു, മേശവലിപ്പില്‍ നിന്നും ഒരു ബലൂണ്‍ പീപ്പിയെടുത്ത്, അതിന്‍റെ ഉള്ളിലെ പീപ്പി ഒരു മെലിഞ്ഞ കത്തിമുനബ് കൊണ്ടു പുറത്തേക്കു എടുത്തു. പീപ്പിയുടെ കുഴലിന് പുറത്തു കുറച്ചു ഫെവികോള്‍ പുരട്ടി, അവനത് അപ്പുവിന്‍റെ തുംബികൈക്കുള്ളില്‍ കൂടി മെല്ലെ തിരുകി കയറ്റി. അതിന്‍റെ തുംബിക്കൈ തന്‍റെ കൈയ്യാല്‍ ഒന്നാഞ്ഞു അമര്‍ത്തി പിടിച്ച്, അപ്പുവിന്‍റെ വയറ്റില്‍ മനു മെല്ലെ അമര്‍ത്തി. “ക്രീ”, അപ്പു ഛിന്നം വിളിച്ചു. “വെറുതെയല്ല മോനേ നീ എഞ്ജിനീര്‍ ആവുന്നത്, എത്രകാലം കഴിഞ്ഞിട്ടാ ഇതൊന്നു ഒച്ച വച്ചേ”. അപ്പുവിനെ വാങ്ങി, അവന്‍റെ ഛിന്നം വിളിക്കാന്‍ വീണ്ടും പഠിച്ച തുംബിക്കൈ തലോടി, രേവതി വേഗം ഷാപ്പിലേക്ക് തിരിച്ചു.

 

ഗോപാലന്‍ രണ്ടു കുപ്പികള്‍ തീര്‍ത്തു കഴിഞ്ഞിരിന്നു, രേവതി രണ്ടാമത്തെ പ്രാവശ്യവും കപ്പയും മീനും കൊണ്ട് കൊടുക്കുമ്പോള്‍. “നീ വേറെ പണിക്കൊന്നും പൊണിലെ..” എന്നു ഗോപാലന്‍ ചോദിച്ചപ്പോള്‍, “വീട്ടില്‍ കുറച്ചു തുന്നലും ഉണ്ട്.”, എന്നവള്‍ പറഞ്ഞു. ”പിന്നെ ഞാന്‍ നല്ലവണ്ണം തയ്യല്‍ ചെയും കേട്ടോ”. എന്നു പറഞ്ഞോന്ന് നിറുത്തി അവള്‍ തുടര്‍ന്നു: “ഈ ഗോപാലേട്ടനൊക്കെ ഒന്നു സഹായിച്ചാല്‍ നല്ല തുന്നല്‍ പണി കിട്ടുമായിരുന്നു.. നിങ്ങള കുപ്പായൊക്കെ ആരാ തുന്നുന്നേ..?”. ഒരു നല്ല സംഭാഷണത്തിന്നു ആക്കം കണ്ടു: “ഓ, അതാ ശങ്കരനാ, അവന്‍റെ തുന്നലൊന്നും ഒന്നിന്നും കൊള്ളില്ല”, രേവതിയെ ഒന്നു ആശയോടെ നോക്കി അയാള്‍ പറഞ്ഞു. “എന്നാ എനിക്കു തരരുതോ എല്ലാം, നല്ല ആദായവിലക്ക് തുന്നി തരാലോ..”, രേവതി ഒന്നു കണ്‍ വിടര്‍ത്തി പറഞ്ഞു. ഗോപാലനൊന്നലോചിച്ചു, പെട്ടെന്നു ഉത്തരം കിട്ടിയമാതിരി, “എന്നിക്കേ ഇല്ലിപരബിന്‍റെ അടുത്താണ് നാളെ പേയിന്‍റ് പണി. ഞാന്‍ ഒന്നു രണ്ടു തുണികള്‍ അപ്പോ കൊണ്ടതരാം, നിന്‍റെ വീട്ടില്‍”, ഒരു കള്ള ചിരിയോടെ അയാള്‍ പറഞ്ഞു. “നാളെ പ്രഭേട്ടന്‍റെ വീട്ടില്‍ പൂജയാ. ഓര്‍ക്ക് മക്കളുണ്ടാവാന്‍.. ഞാന്‍ അമ്മൂനെ അവിടെ വിട്ടിട്ട് ഒരു പതിനൊന്നു മണിക്ക് വീട്ടിലെത്തും” ഒന്നു ശബ്ദം തെല്ലിട കുറച്ചു, ഒരു രഹസ്യമെന്നോണം അവള്‍ അയോളോട് പറഞ്ഞു. ഗോപാലന്‍ ഒരിട എടുത്തു അവള്‍ പറയുന്നതിന്‍റെ ഗതി മനസ്സിലാക്കാന്‍. മനസിലായതു ശരിതന്നെ ആകണമേ എന്നു പ്രാര്‍ഥിച്ച്, “ഞാന്‍ വരും നാളെ , ഒരു പതിനൊന്നു മണിക്ക്”, എന്നയാള്‍ ഒരു ആണിന്‍റെ ഔദത്യത്തോടെ പറഞ്ഞു.

 

പിറ്റെന്നു രാവിലെതന്നെ രേവതി അമ്മുവിന്‍റെ പുതിയ അപ്പുവിനെയും, അമ്മുവിന്‍റെ നാലഞ്ച് കുപ്പായങ്ങളും ഒരു പാക്കറ്റിലാക്കി പൊതിഞ്ഞു വച്ചു. കുളിപ്പിക്കുമ്പോള്‍,”എന്താ അമ്മേ ഞാന്‍ മാമന്‍റെ വീട്ടില് പാര്‍ക്കാന്‍ പോവാനോ?”, എന്ന അമ്മുവിന്‍റെ ചോദ്യത്തിന് “ഉം, കുറച്ചു ദിവസം അമ്മാവന്‍റെയും അമ്മായിയുടെയും ചക്കര കുട്ടിയായി അവിടെ താമസിക്ക് കേട്ടോ. “, എന്നവളുടെ മുടിയില്‍ തഴുകി, പിന്നെ അമ്മുവിനെ ഒന്നു കെട്ടി പിടിച്ച്, അവള്‍ക്കൊരുമ്മ കൊടുത്ത് രേവതി പറഞ്ഞു. ഒരിയ്ക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാര്‍ദ്രത ഉണ്ടായിരിന്നു രേവതിയുടെ വാക്കുകളില്‍.

പുതിയ അപ്പുവിനെയും ലാളിച്ചു നടക്കുന്ന അമ്മുവിനെ പ്രഭേച്ചിയുടെ വീട്ടിലാക്കി തിരികെ വരവേ, പ്രഭേച്ചി ഒരുപാടു പറഞ്ഞു പൂജ കഴിഞ്ഞു പ്രസാദം വാങ്ങി തിരികെ പോകാന്‍. ഒരു കുഞ്ഞി കാലു കാണാന്‍ എത്രയോ കാലമായി നടത്തുന്ന പൂജയാണ്. ഒരുപാടു തുന്നല്‍ പണി തീര്‍ക്കാനുണ്ടെന്ന്  ഒഴിവുകഴിവ് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ രേവതി ഒന്നു കൂടി അമ്മുവിനെ തിരിഞ്ഞു നോക്കി. പതിനാല് കൊല്ലങ്ങള്‍ക്കപുറം, പ്രഭേട്ടന്‍റെയും പ്രഭേച്ചിയുടെയും ഇടയില്‍, തന്‍റെ മണവാളനുമൊത്ത്, സര്‍വാഭരണഭൂഷിതയായി ഒരുങ്ങി, നാണം കുണുങ്ങി, നടക്കുന്ന അമ്മുവിനെ ഓര്‍ത്തപ്പോള്‍ രേവതിയുടെ കണ്ണു ഒന്നു നിറഞ്ഞു പോയി.

 

വീട്ടിലെത്തിയപ്പോള്‍ രേവതി ആദ്യം പോയത് പുതിയ വീട്ടിലെ, പടിഞ്ഞാറ്റയിലെ “നമ്മുടെ മുറിയിലെ”, തെക്കേ കോണിലേക്കാണ്. പോകും മുന്‍പെ, അംബലത്തിലുല്‍സവത്തിന് വാങ്ങിച്ച ഒരു  മുള കൂടും അവള്‍ എടുത്തിരുന്നു. “മാധവേട്ടാ”, എന്നു വിളികേട്ടപ്പോള്‍ തന്നെ, തന്‍റെ മണ്‍കൂനയില്‍ നിന്നു മാധവേട്ടന്‍ സാവധാനം പുറത്തു വന്നു. “ഇന്ന് നമ്മള്‍ക്ക് നമ്മുടെ പഴയ വീട്ടില്‍ കിടക്കാം”, എന്നു കൂടയുടെ മൂടി തുറന്നു വച്ച്, മാധവേട്ടന് കയറി കിടക്കാന്‍ പാകത്തില്‍ കൂട ചെരിച്ച് വച്ച് രേവതി പറഞ്ഞപ്പോള്‍, തന്‍റെ സംവൃതമായ കണ്ണുകളാല്‍ രേവതിയെ സ്നേഹപൂര്‍വം നോക്കി, മാധവേട്ടന്‍ സാവധാനം ആ കൂടയിലേക്കു കയറി കിടന്നു.

വീട്ടിലെത്തി, നമ്മുടെ പടിഞ്ഞാറ്റയിലെ പഴയ വീട്ടിലെ മുറിയില്‍, കട്ടിലിന്നരികില്‍ മാധവേട്ടന്‍ ഒളിച്ചിരിക്കുന്ന മുളകൂട വച്ച്, കട്ടിലിനടിയില്‍ വെച്ച ഒരു മരപ്പെട്ടി രേവതി തുറന്നു. മുറിയില്‍ വച്ച മാധവേട്ടന്‍റെ ഫ്രെയിം ചെയ്തു വച്ച ഒരുപാട് ചിത്രങ്ങള്‍ അവള്‍ ഓരോന്ന്‍ ഓരോന്നായി മരപ്പെട്ടിയില്‍ വച്ചു. മാധവേട്ടന്‍റെ പണി സാധനങ്ങളും, ചെരിപ്പുകളും, മുണ്ടും ഷര്‍ട്ടുകളും അവള്‍ ആ പെട്ടിയില്‍ ഭംഗിയായി അടക്കി വച്ചു. “ഇനി ഈ മാധവേട്ടന് ഇതൊന്നും വേണ്ട.. “, കൂട നോക്കി, എന്തെങ്കിലും ഉത്തരം കിട്ടും എന്നു പ്രതീക്ഷിച്ചു അവള്‍ പറഞ്ഞു. ഒരു ഉത്തരവും ആ കൂടയില്‍ നിന്നു വന്നില്ല.

കട്ടില്‍, നല്ല വൃത്തിയുള്ള വെള്ളയും കറുപ്പും ഇട കലര്‍ന്ന ചതുരങ്ങളാല്‍ വരച്ചിട്ട ഷീറ്റിനാല്‍ വിരിച്ച്, അതിനുമുകളില്‍ അവളാ മാധവേട്ടന്‍റെ പഴയ തോര്‍ത്ത് മടക്കി വച്ചു. പിന്നെ തന്‍റെ മുടി നന്നായി കോതി, മുഖത്ത് വെള്ള പൌഡര്‍ ഇട്ടു. മഞ്ഞ നിറത്തിലുള്ള തന്‍റെ അര സാരി അണിഞ്ഞ്, കണ്ണില്‍ കുറച്ചു സുറുമ തേച്ചു. എന്നിട്ട് കണ്ണാടിയില്‍ തന്‍റെ രൂപം അവള്‍ നോക്കിനിന്നു. “ആരും ഒന്നു ആശിച്ചു പോകും അല്ലേ മാധവേട്ടാ.”, ഒളിപ്പിച്ചു വച്ച ഒരു കുസൃതിയില്‍ മാധവേട്ടന്‍റെ കൂടയെ നോക്കി അവള്‍ മന്ത്രിച്ചു. “വിഷമം വേണ്ട കേട്ടോ, ഇന്ന് ഞാന്‍ ഗോപാലന്‍റെ പെണ്ണാകാന്‍ പോകുകയാണെന്ന് വിചാരിച്ചിട്ടു” മാധവേട്ടനെ ഒന്നു ദ്യേഷ്യപ്പെടുത്താന്‍ തന്നെ ആണവള്‍ പറഞ്ഞത്. കൂട തുറന്നു തന്‍റെ നേരെ ശീല്‍ക്കാരത്തോടെ, അസൂയമൂത്ത് മാധവേട്ടന്‍ ചീറി അടുക്കുമെന്ന് അവള്‍ ആശിച്ചു പോയി. ഇല്ല കൂടയില്‍ നിന്നു ഒരൊച്ചയും വന്നില്ല. ഇന്ന് ഗോപാലന്‍ വരും. ഇവിടെ നമ്മുടെ ഈ മുറിയില്‍. ഒരു പെണ്ണിന്‍റെ സുഖം എന്താണെന്ന് അയാള്‍ ഇന്നറിയും, നിശ്ചയം. രേവതി മനസ്സില്‍ ആണയിട്ടു.

 

മുറ്റത്ത് നിന്നു ഗോപാലന്‍റെ വിളികേട്ടപ്പോളാണു രേവതി കണ്ണാടിയില്‍ നിന്നും തന്‍റെ മുഖം തിരിച്ചത്. കണ്ണാടി നോക്കി ഒന്നുകൂടി തന്‍റെ രൂപം നിരൂപണം ചെയ്തു അവള്‍ നടന്നു മെല്ലെ വാതില്‍ തുറന്നു. “ഗോപലേട്ടന്‍ വന്നോ, വരൂന്ന് ശരിക്കും വിചാരിച്ചെ ഇല്ല. വരൂ അകത്തേക്ക് ഇരിക്കൂ”. അവളുടെ സ്നേഹം സ്വീകരിച്ചു, തന്‍റെ കൈയുലുള്ള തുണി അവള്‍ക്ക് നീട്ടി, അയാള്‍ ഉള്ളിലേക്ക് വന്നു. “വാ അകത്തിരിക്കാം, അളവെല്ലാം ഒന്നു നോക്കണ്ടേ”, എന്നു പറഞ്ഞു അവള്‍ അയാളെ തന്‍റെ പടിഞ്ഞാറ്റയിലെ അവളുടെ മുറിയിലേക്ക് നയിച്ചു.

 

മുറിയുടെ വാതിലിന് പിന്നിലുള്ള തുന്നല്‍ മെഷീനിന്മേല്‍ ഗോപാലന്‍ കൊടുത്ത തുണി വെക്കാന്‍ രേവതി മുറിയുടെ വാതില്‍ മെല്ലെ ചാരി. തിരിഞ്ഞു നോക്കുമ്പോള്‍, കട്ടിലിനോടുത്ത് നിന്നു, തന്നെ തന്നെ നോക്കുന്ന ഗോപാലനെയാണവള്‍ കണ്ടത്. അയാളുടെ കണ്ണില്‍ ഒരാശയുടെ തീ എരിയുന്നുണ്ട്. വലംകൈകൊണ്ട് തന്‍റെ നെഞ്ചിലെ രോമസഞ്ചയം മെല്ലെ വലിച്ചുപിടിച്ചു രേവതിയുടെ അടുത്തേക്ക് നീങ്ങുന്ന അയാളോട്, “ഇനി ഗോപാലേട്ടന്‍റെ അളവൊന്നുഎടുക്കണം” എന്നു പറഞ്ഞു, തുന്നല്‍ മെഷീനു മുകളിലത്തെ ടേപ് എടുത്തുകൊണ്ടവള്‍ അയാളുടെ അടുത്തേക്ക് ചെന്നു. മനസ്സില്‍ മദജലം തിങ്ങി നിറഞ്ഞു, രേവതിക്കടുത്തേക്ക് നീങ്ങുന്ന ഗോപാലന്‍റെ കാലുകള്‍, നേരെ വീണു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ മേലായിരുന്നു. “ക്രീ”, അപ്പു അത്യുച്ചത്തില്‍ ഛിന്നം വിളിച്ചു. “ഛീ ഏത് ശവമിത്..”, എന്നലറി ഗോപാലന്‍ തന്‍റെ കാല്‍, ഇച്ഛയ്ക്ക് അപ്പുറത്തുള്ള വേഗത്തില്‍ പിന്‍വലിച്ചു, താഴെ കിടക്കുന്ന അപ്പുവിനെ ഒന്നു നോക്കി.

“ഈ നാശത്തിന്‍റെ കുരല്‍ ഞാനന്നുതന്നെ ചവിട്ടി പൊളിച്ചതല്ലെ..” അയാള്‍ ആക്രോശിച്ചു.

പെട്ടെന്നു ഇരച്ചു കയറിയ കോപത്തില്‍, എല്ലായിടത്തുനിന്നും താന്‍ ഒളിപ്പിച്ചുവച്ച ഘോര സത്യം തന്‍റെ പിടിവിട്ടു പോയത്തിന്‍റെ ജാളൃത ഗോപാലന്‍റെ മുഖത്ത് പടര്‍ന്ന് കയറവേ, വൈധവ്യത്തിന്‍റെ സപ്തവല്‍സരവഹ്നിയില്‍ കടഞ്ഞെടുത്ത ധൈര്യത്തില്‍ രേവതി ഒന്നു ചിരിച്ചു: “ആ പാവ ഞാനിന്നലെ വാങ്ങിച്ചതാണെന്നെ.., അമ്മൂന് വേണ്ടി”. അപ്പുവിനെ എടുത്തു മാറ്റി വച്ച്, അവള്‍ നൈസര്‍ഗീകമായ ഒരു ചലനത്തോടെ അളവെടുക്കാന്‍ ടേപ്പെടുത്ത് അയാളുടെ അടുത്തേക്ക് നീങ്ങി.

അവളുടെ നിഷ്കപടതയില്‍, മനസ്സ് കവരുന്ന നിഷ്കളങ്കതയില്‍, ഗോപാലന്‍റെ മനസ്സ് ആയിരം സ്വപങ്ങള്‍ വരയ്ക്കുമ്പോള്‍, ടേപ്പ് രണ്ടറ്റവും പിടിച്ച് അയാളുടെ കൈയ്യളവെടുക്കുന്ന രേവതിയുടെ  അരസാരി അവളുടെ തോളില്‍ നിന്നും മെല്ലെ വഴുതി വീണു. രേവതി അത് കാര്യമാക്കിയില്ല. അവളുടെ നനുത്ത മാറിടത്തിന്‍റെ ചൂട് അവളുടെ മുടിയിലെ കാച്ചിയ എണ്ണയില്‍ കുതിര്‍ന്നു അയാളെ മത്തു പിടിപ്പിക്കുമ്പോള്‍, “നീ ഇനി എന്‍റെതാണ്..” എന്നു മുരണ്ടു അയാള്‍ രേവതിയുടെ രണ്ടു കൈകളും പിടിച്ചവളെ അയാളുടെ മാറിലേക്കടുപ്പിച്ചു. തന്‍റെ കൈകള്‍ കൊണ്ട് അയാളുടെ മാറില്‍ കുസൃതിയായി അടിച്ചു, “ഓ ഈ ഗോപാലെട്ടന്‍റെ ശക്തി!” എന്നു മന്ത്രിച്ചു, അവള്‍ അയാളെ കട്ടിലേക്ക് മെല്ലെ തള്ളി. രേവതിയുടെ സന്നദ്ധതയില്‍ വീണ്ടും ഊര്‍ജ്ജം കണ്ടെത്തി, കട്ടിലില്‍ നേരെ കിടന്നയാള്‍ രേവതിയെ എത്തിപ്പിടിച്ചു. അയാളുടെ കണ്ണില്‍ ആശാപൂര്‍വം നോക്കി, രേവതി അവളുടെ ആ സാരി പൂര്‍ണ്ണമായും അഴിച്ചു. “ഗോപാലെട്ടന്‍റെ ഈ ശക്തി. എനിക്ക് താങ്ങാന്‍ വയ്യേ”, മൊഴി മുത്തില്‍ അയാളുടെ മനം കവര്‍ന്നു, അവള്‍ മെല്ലെ തന്‍റെ സാരി വലിച്ചെടുത്ത്, “ഈ രണ്ടു കയ്യും ഞാന്‍ കട്ടിലിന്‍റെ കുറ്റിയില്‍ കെട്ടാന്‍ പോവ്വാ കേട്ടോ..” എന്നവള്‍ മൊഴിഞ്ഞു.

കാമദേവന്‍റെ പുതിയമ്പുകളേറ്റെന്നപോലെ പോലെ ഗോപാലന്‍റെ ഹൃദയം അവളുടെ സ്പര്‍ശവും സാമീപ്യവും കൊണ്ട് ത്രസിക്കുമ്പോള്‍, രേവതി മെല്ലെ അയാളുടെ കൈകള്‍ കട്ടിലിന്‍റെ രണ്ടു തണ്ട് കുറ്റിയിലും കെട്ടി. “ഗോപാലേട്ടന് ഇങ്ങനെയൊക്കെ ചെയ്തു ശീലമുണ്ടോ ആവോ..”, അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് കേട്ടു, താനൊരിക്കലും അറിഞ്ഞിട്ടിലാത്ത എന്നാല്‍ ആര്‍ത്തിയാല്‍ കണ്ടു തീര്‍ത്ത എത്രയോ നീലചിത്രങ്ങള്‍ കൊടുത്ത ഭാവനയില്‍, ഗോപാലെന്‍റെ മനസ്സു ഭ്രാന്തതപം കൊണ്ടു. വിധേയനായി അയാള്‍ തന്‍റെ രണ്ടു കൈകളും കട്ടിലിന്‍റെ കുറ്റിയില്‍ കെട്ടാന്‍ രേവതിക്ക് സൌകര്യം ചെയ്തു കൊടുത്തു.

 

കട്ടിലില്‍ നിന്നു മെല്ലെ അഴകായി എഴുന്നേറ്റ് രേവതി കട്ടിലിനടിയില്‍ വെച്ച മാധവേട്ടന്‍ ഒളിച്ചിരിക്കുന്ന കൂട മെല്ലെ എടുത്തു, ഗോപാലന്‍റെ നെഞ്ചില്‍ വച്ചു. എന്താണിതെന്ന് ഗോപാലന്‍റെ കണ്ണില്‍ അത്ഭുതം വരവേ, രേവതി മെല്ലെ കൂടയുടെ മൂടി തുറന്നു.

“മാധവേട്ടാ.. ഇതാരാണ് ഇവിടെ വന്നു കിടക്കുന്നത് എന്നു ഒന്നു നോക്കിയെ”, രേവതി മെല്ലെ വിളിച്ച് പറഞ്ഞപ്പോള്‍, കൂടയില്‍നിന്നും മാധവേട്ടന്‍ മന്ദമന്ദം പുറത്തേക്കിറങ്ങി.

“നായിന്‍റെ മോളെ..” തന്‍റെ നെഞ്ചില്‍ സാവധാനം ഇഴയുന്ന മൂര്‍ഖനെ കണ്ടു ഗോപാലനലറി. രേവതി മാധവേട്ടന്‍റെ തോര്‍ത്തെടുത്ത് അയാളുടെ പിടയ്ക്കുന്ന കാലുകള്‍ വിട്ടുമാറി, അയാളുടെ കൂര്‍ത്ത പല്ലുകളുടെ ആഘാതം കൈയിലേറ്റപ്പോള്‍ ഉള്ള വേദന സ്വയം മറന്നു, ആ തോര്‍ത്ത് അയാളുടെ വായിലേക്ക് തിരുകി കയറ്റി. അലര്‍ച്ച, ഒരു കടിച്ചു പിടിച്ച മുരള്‍ച്ചയില്‍ ഗോപാലന്‍റെ തൊണ്ടയില്‍ കുരുങ്ങി വീഴവേ, ചുറ്റുമുള്ള ചലനങ്ങളില്‍ അരിശം പൂണ്ട മാധവേട്ടന്‍, തന്‍റെ തലയിലെ മസ്സിലുകളില്‍ കോപം മൂര്‍ചിപ്പിച്ചു,  തന്‍റെ പത്തിയിലെ നീലിമയാര്‍ന്ന കണ്ണുകളില്‍ കഴിഞ്ഞ ജന്‍മങ്ങളുടെ അന്യായങ്ങളുടെ ആഗ്നേയം നിറച്ചു, ഗോപാലന്‍റെ നെഞ്ചിലേക്കൊന്നു ആഞ്ഞു കൊത്തി.

 

ഭയങ്കരമായ ഭയവും, സത്യത്തിന്‍റെ കഠിനമരണസ്പര്‍ശവവും, കൊത്തിന്‍റെ ആഘാതവും ഗോപാലന്‍റെ മുഖം പിരിച്ചു വക്രമാകവേ, അയാളുടെ നെഞ്ചില്‍ നിന്നും കിനിയുന്ന ചുടുചോരയുടെ ഗന്ധം മാധവേട്ടന്‍റെ സിരകളില്‍ ഒരു പ്രചണ്ഡവാതം തീര്‍ത്തു. മാധവേട്ടന്‍ വീണ്ടും അയാളുടെ നെഞ്ചിലേക്കു കൊത്തി. തന്‍റെ പത്തി മസ്സിലുകളില്‍ അറിഞ്ഞ പിന്നായത്തിന്‍റെ ശക്തിയില്‍ ഒന്നറച്ചു, മാധവേട്ടന്‍ വീണ്ടും വീണ്ടും ഗോപാലന്‍റെ നെഞ്ചിലേക്കു ആഞ്ഞു കൊത്തി.

ഗോപാലന്‍റെ പിടയുന്ന കാലുകളിലും, കട്ടിലിളക്കുന്ന കൈകളുടെ കെട്ടിലും, പേടിച്ച് പിടയുന്ന നെഞ്ചിലും, കോപവും, അവഞയും, ദയവായിപ്പിനായുള്ള കടിച്ച നിലവിളിയും മിന്നി മറയുന്ന കണ്ണുകളിലും നോക്കി കട്ടിലിനരികില്‍ രേവതി ഇരുന്നു. അയാളുടെ നാഡീകോശങ്ങളുടെ ഒരായിരം ദ്വീപുകളില്‍, രാസപദാര്‍ഥങ്ങളുമായി പോകുന്ന രാസവഞ്ചികള്‍ മാധവേട്ടന്‍റെ വിഷഭാരത്താല്‍ തകിടം മറിയുന്നതു അവള്‍ക്ക് അറിയാന്‍ കഴിയുന്നുണ്ട്. ഗോപാലന്‍റെ മുഖവും കഴുത്തും, വിഷം നിറച്ചു നീലിച്ച ഞാഡീഞരമ്പുകളില്‍ പൊതിരുന്നതും അവള്‍ കണ്ടു. അയാളുടെ ഹൃദയകവാടങ്ങള്‍, വിഷസര്‍പ്പചങ്ങലകളാല്‍ വളഞ്ഞു അമര്‍ന്ന് പൊട്ടിയപ്പോള്‍, തുണി നിറച്ച ഗോപാലന്‍റെ വായില്‍നിന്നു ഉഗ്രമിച്ച മരണ ശബ്ദം രേവതിയുടെ കാതുകളിലാണ് പൊട്ടിത്തെറിച്ചത്.

രേവതി മാധവേട്ടനുള്ള കൂടയും, കുരല്‍ വീണ്ടെടുത്ത അപ്പുവിനെയും മാറോടടക്കി പിടിച്ച്, പടിഞ്ഞാറ്റയിലെ “നമ്മുടെ മുറിയുടെ”തെക്കേ മൂലക്കു സാവധാനം ഇരുന്നു. എന്നിട്ടവള്‍ കാത്തിരുന്നു. വൈകുന്നേരത്തെ പാല് കൊണ്ടുവരാന്‍ വന്നപ്പോള്‍, കട്ടിലില്‍ കിടക്കുന്ന ശവം കണ്ടലറി വിളിക്കുന്ന നാണിയമ്മയെ, അവരുടെ നിലവിളി കേട്ടു കൂടുന്ന അയല്‍പക്കക്കാരെ, അയപക്കക്കാരുടെ ബഹളം കേട്ടു വരുന്ന നാട്ടുകൂട്ടത്തെ, ആ നാട്ടുകൂട്ടത്തിനിടയിലേക്ക് പാഞ്ഞു വരുന്ന പോലീസ് വണ്ടിയെ, അവള്‍ കാത്തിരുന്നു.

പോലീസ് വന്നാല്‍ മരിച്ചതാരെന്നും, പിന്നെ റിപോര്‍ട്ട് എഴുതുന്ന പോലീസ് സര്‍ജനു കൊന്നതെങ്ങനെയെന്നതിനെപ്പറ്റിയും ഒരു സംശയവും ഉണ്ടാവില്ല. പക്ഷേ കൊന്നതാരെന്നും, കൂട്ടുപ്രതികള്‍ ആരെന്നും എന്നതിനെപ്പറ്റി ബഹുമാനപ്പെട്ട കോടതിക്ക് യുക്തിസഹമോ അല്ലാത്തതോ ആയ ഒരു സംശയവും ഉണ്ടാവാന്‍ പാടില്ല എന്ന ഒരൊറ്റ നിര്‍ബന്ധബുദ്ധിയേ അപ്പോള്‍ രേവതിക്ക് ഉണ്ടായിരുന്നുള്ളൂ.