അരയന്നം

നനഞ്ഞു മെലിഞ്ഞൊരു അരുവിയിലൊരു 

തടിച്ച് ചീർത്തൊരു അരയന്നം

ഇന്നലെ പെയ്ത മഴയിലൊന്ന് ചൊടിച്ച്

കാലമുറപ്പിച്ചൊരുക്കിയ കുമ്മായ കല്ല്ക്കൂട്ടത്തെ

കവച്ച് വച്ചൊഴുക്കുന്ന  അരുവിയിൽ

ചളിയിൽ പൂണ്ട് നിൽക്കുന്ന

പ്ലാസ്റ്റിക്ക് കൂടുകൾക്കിടയിലെ

പാഴ്വസ്തുക്കൾ തിന്നു രസിക്കുന്ന അരയന്നം

ഇന്നലത്തെ രാത്രിയിൽ തീൻമേശമേൽ  കവിഞ്ഞൊഴുകിയ

അതി ഊർജ്ജ രതികൾ അടർത്തിവീഴ്ത്താൻ ആയ്യാസ്സപെട്ടു

നടപ്പാതയിലൂടെ ആഞ്ഞു നടക്കുന്ന പെണ്ണുങ്ങളെ

തടിച്ചു വീർത്ത തൻ്റെ കഴുത്തു ഒന്നു ചെരിച്ച്

ഇടം കണ്ണിട്ടു നോക്കുന്ന അരയന്നം

എല്ലാ കവിതകളും വാഴ്തും പോലെ

ഈ രജഹംസവും അതി സുന്ദരി തന്നെ

സുന്ദരി  എന്നു പറഞ്ഞാൽ

കരിമിഴിയിൽ തുലാവർഷം നിറച്ച്

ചുണ്ടിൽ  മധുര മഴതുള്ളികൾ കിനിയുന്ന

പതിനെട്ടു വയസ്സിൻ നിറവിലെ

അമലയെ പോലെ അല്ല ഈ അരയന്നം

അത്മനിർവൃതിയിൽ തൻ പാദങ്ങൾ

ജീവിത വീഥിയിൽ അമർത്തി ചവിട്ടി 

മുഖത്തു ഇന്ദ്രധനുസ്സു  ധരിക്കുന്ന 

ഇരുപതിനാലിലെ അമലയും അല്ല ഇവൾ

ഇരുൾ തിന്നു തീർന്ന, ഈർപ്പം നിറഞ്ഞ അടുക്കളയിൽ 

തിളച്ച് മറിയുന്ന വെള്ളപാത്രത്തിൻ്റെ അടപ്പു തൊട്ടു കൈപൊള്ളിയ

ഈ മുപ്പതുകളിൽ,

ആസ്മ ബാധിച്ച് കിടക്കുന്ന മകന് ആവിപിടിപ്പിക്കാൻ വെള്ളമെടുക്കുന്ന അമല

കുന്നായി കിടക്കുന്ന വൃത്തികെട്ട തീൻപാത്രങ്ങൾ

കണ്ണ് മറക്കുന്ന വരണ്ടുണങിയ  മുടി

ഇടം കൈയ്യാൽ ഒതുക്കി

പിന്നെ വലം കൈയ്യാൽ അമർത്തി തുടക്കുന്ന അമല

ചീർത്ത വയർ തടവി, സോഫയിൽ ചെരിഞ്ഞു കിടന്ന്

അർദ്ധസുഷുപ്തിയിലും റ്റിവിയിൽ കണ്ണും നട്ടു കിടക്കുന്ന

ഭർത്താവിനു ഇന്നത്തെ ആറാമത്തെ കാപ്പിയും ഉണ്ടാക്കി

കൊണ്ടു കൊടുക്കുന്ന അമല

അരുവിക്കു ഈ അരയന്നമൊരു അലങ്കാരം

ഈ വീടിന്നു അമലയൊരു അലങ്കാരം

എല്ലാ കവിതകളും വാഴ്തും പോലെ

ഈ രജഹംസവും അതി സുന്ദരി തന്നെ