കൂട്ടുപ്രതികള്‍:കഥയിലെ ഒരു ഭാഗം

കൂട്ടുപ്രതികള്‍:കഥയിലെ ഒരു ഭാഗം

———-
കൊച്ചേട്ടന്‍റെ മടിയില്‍ തല വച്ച് കിടന്ന്‍, കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നപ്പോള്‍, വയറ്റിലെ വാവ ഒന്നിളകി കിടന്നു. ഒരു പുഞ്ചിരിയില്‍, കൊച്ചേട്ടന്‍റെ വലം കൈ തന്‍റെ നിറഞ്ഞ വയറില്‍ വച്ച്: ”കണ്ടാ കുഞ്ഞിവാവ അച്ചന്‍റെ കുരുതകേടെല്ലാം അറീന്നുണ്ട്“ എന്നു പറഞ്ഞു തീരുബോഴാണ് , മുറ്റത്തു എന്തോ വലിയ ബോംബ് പൊട്ടുന്ന പോലത്തെ ഒച്ച രേവതി കേട്ടത്.

പുകയും പൊടിപടലങ്ങളും അകത്തേക്ക് ഇരച്ചു കയറി. വീടിന് പുറത്തു ആരൊക്കെയോ അലറി നിലവിളിക്കുന്ന ഒച്ച കേള്‍ക്കുണ്ട്. ബോബിന്‍റെ ഒച്ചയില്‍ രേവതിയുടെ ചെകിടൊരുനിമഷം അടഞ്ഞുപോകവേ, വാതില്‍ തള്ളി തുറന്ന്‍ അയാള്‍ അകത്തേക്ക് ഇരച്ചു കയറി. അയാള്‍ക്കൊപ്പം മറ്റ് മൂന്നുപേരും. അയാളുടെ തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. മുറുക്കാന്‍ തിന്നു കടും ചുവപ്പാര്‍ന്ന അയാളുടെ ചുണ്ടുകള്‍ വക്രിച്ച് ത്രസിക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണില്‍ രേവതി കണ്ടത് മകരത്തിലെ കടും മഞ്ഞു മാത്രം. അയാളുടെ കൈയ്യിലുള്ള നീളമുള്ള വടിവാളിന്‍റെ അറ്റം കൂര്‍ത്ത് കരുത്തിരിണ്ടിക്കുന്നു. പടിഞ്ഞാറ്റയിലെ ജനാലിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ ചെത്തി മിനുപ്പിച്ച വാള്‍ത്തലയില്‍ തട്ടി തകര്‍ന്നു വീഴുന്നുണ്ട്. വാളിന്‍റെ മരപിടി ഒരുവശത്തു പൊട്ടിയിരിക്കുന്നു. മൂന്നുപേരില്‍ ഒരാളുടെ കൈവശം പുതുപുത്തന്‍ ക്രിക്കറ്റ് ബാറ്റും, മറ്റൊരാളുടെ വശം തുരിബിച്ച നീണ്ട ഇരുബ് വടിയും ഉണ്ട്. അയാള്‍ അലറി : “നായിന്‍റെ മോനേ കേട്ട്യോളുടെ സാരീന്‍റെ ഉള്ളില്‍ ഒളിച്ചിരിക്യാ അല്ലേ…”. കട്ടിലില്‍ നിന്നു ചാടി എണീറ്റ്, കൊച്ചേട്ടനെ തന്‍റെ മെലിഞ്ഞ ശരീരം കൊണ്ട് മറച്ചു രേവതി അലറി കരഞ്ഞു. പുറത്തു വീണ്ടും പൊട്ടിയ ബോംബിന്‍റെ ഒച്ചയില്‍ ഒന്നു തരിച്ചു നിന്നു, സകല ശക്തിയും സംഭരിച്ചു അവള്‍ അയാളുടെ നേരെ ചീറി അടുത്തു. അയാള്‍ അവളെ ഒറ്റകൈയാല്‍ വകഞ്ഞു പിടിച്ച്, വാള്‍ത്തല കൊണ്ട് കൊച്ചേട്ടന്‍റെ ഏന്തിപ്പിടിക്കാന്‍ നോക്കവേ, അപ്രതീക്ഷിതമായി നേരിട്ട എതിര്‍പ്പില്‍ ഒരിട അന്താളിച്ചുപോയ മറ്റ് മൂന്നുപേര്‍ കൊച്ചേട്ടന്‍റെ അടുത്തേക്ക് ഉന്നം വച്ച് നീങ്ങി.

“ഗോപാലാ അവളെ ഒന്നും ചെയല്ലേ”, കൊച്ചേട്ടന്‍റെ ഒച്ചയില്‍ ഇത്രക്ക് ദൈന്യത ഒരിക്കലും രേവതി കേട്ടിരുന്നില്ല. “പേരു വിളിച്ചു പറയുന്നോടാ പട്ടീ…”, എന്നു അലറി “വെട്ടെടാ എക്സെ ഓന്‍റെ കഴുത്ത്” എന്നു ഗോപാലന്‍ ആഞാപ്പിച്ചു. ഇരൂബ് വടി തലയില്‍ ആഞ്ഞു പതികവേ “ഗോപാലാ , നീ മത്തിപറമ്പിലെ ഗോപാലനല്ലേ, നിന്നെ എത്ര പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നൂ… നമ്മളെ രാഷ്ട്രീയം എന്തായാലും അവളെ വെറുതെ വിട് നീ..” എന്നു കേണു കരയുന്ന കൊച്ചേട്ടന്‍റെ ഒച്ചയില്‍ എവിടെയോ അഭയം കണ്ടു രേവതി വീണ്ടും കരള്‍ കീറി അലറി കരഞ്ഞു. ഗോപാലന്‍, വാള്‍ പിടിച്ച ഇടം കൈയ്യാല്‍ തന്‍റെ തലയിലെ തോര്‍ത്തഴിച്ചു രേവതിയുടെ വായിലേക്ക് തിരുക്കി കയറ്റി, അവളെ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു. തന്‍റെ വാള്‍ വലം കൈയിലേക്ക് മാറ്റി , “ഒരുത്തന്നെ നന്നായി വെട്ടാനും അറിയിലേടാ പയലുകെളെ” എന്നു പറഞ്ഞു, കട്ടിലിന്‍റെ ഒരറ്റത്തേക്ക് വീണു കിടക്കുന്ന കൊച്ചേട്ടന്‍റെ അടുത്തേക്കയാള്‍ പാഞ്ഞു. ഗോപാലന്‍റെ കാലുകള്‍ കൊച്ചേട്ടന്‍റെ അടുത്തേക്ക് മദഗജ വേഗം നേടവേ, അയാളുടെ നെടും കാല്‍ ചെന്നു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ നെഞ്ചിലായിരുന്നു. ഉച്ചത്തില്‍ ഛിന്നം വിളിച്ച അപ്പുവിനെ നോക്കി “ഇതേതു ശവം..”, എന്ന്‍ അവഞയോടെ അലറി, തന്‍റെ കാലുകൊണ്ടു വീണ്ടും വീണ്ടും അതിനെ ചവിട്ടിയരച്ച്, പുറം കാലുകൊണ്ടു അതിനെ രേവതി വീണിടത്തേക്ക് ചവിട്ടി എറിഞ്ഞു, വാള്‍ വീശി ഗോപാലന്‍ കൊച്ചേട്ടന്‍റെ നെഞ്ചില്‍ അമര്‍ത്തി ചവിട്ടി.

ഊരിയ വാളിന്‍റെ ശീല്‍കാരം “നമ്മുടെ മുറിയെ” നടുക്കി തരിക്കവേ, ലക്ഷ്യ ഭേദിയായ വാളിന്‍റെ ഘനം കൊച്ചേട്ടന്‍റെ ഹൃദയം തകര്‍ക്കവേ, എട്ടു കൈകള്‍ കൊച്ചേട്ടന്‍റെ ദേഹത്ത് സംഹാര താണ്ഡവമാടവേ, കൊച്ചേട്ടന്‍റെ ഒരു വലിയ നിലവിളിയില്‍ രേവതിയുടെ കാതുകള്‍ കത്തിയമര്‍ന്നു. ചീറി തെറിക്കുന്ന ചുടുചോരയുടെ കത്തിപടരുന്ന ഗന്ധം അവളുടെ ബോധത്തില്‍ ഒരു ചുഴലിക്കാറ്റായി ഉതിര്‍കൊണ്ടപ്പോള്‍ ചതഞ്ഞു കുരല്‍ തകര്‍ന്ന അപ്പുവിനെ നെഞ്ചിലമര്‍ത്തിയ രേവതിയില്‍, ഇടയാന്തൂര്‍ ഗ്രാമത്തിലെ കണ്ണെത്താത്ത വാഴ തോട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാഴകൂബിലെ തേന്‍ കട്ടുകുടിക്കുന്ന തന്‍റെ ഏതോ ബാല്യകാല ചിത്രം എങ്ങനെയോ നിറഞ്ഞു. പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

——-

ഈ കഥയുടെ മുഴുവന്‍ ഭാഗവും , “ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്