{{ Published in the Greater Austin Malayalee Association (GAMA) ‘s Feb 2015 Magazine}}
നാളെ
മനസ്സില്‍ ശ്രുതിബദ്ധമായ തബലയില്‍ ദ്രുപദ താളത്തില്‍ പതിയുന്ന വിരലുകള്‍. സാക്കീര്‍ ഹുസ്സൈനിന്റെ രാഗമാലിക. നാളെയുടെ രാഗതാളലയം…. തില്ലാന.
അയാള്‍ പതുക്കെ നടന്നു. മൂപ്പര് ബംഗ്ലാവിനു താഴെ കാഞ്ചന വര്‍ണ്ണത്തിലുള്ള നനുത്ത പൂഴിമണല്‍ പരപ്പില്‍ ഒഴുകുന്ന കടല്‍ തീരം. അറബിക്കടലില്‍ നിന്നു വരുന്ന തണുത്ത കാറ്റ് പ്രഭാതകിരണങ്ങളില്‍ തട്ടി അയാളിലേക്ക് ഒഴുകി. കാറ്റിനോടൊപ്പം കളിക്കാനെന്നോണം അയാളുടെ കാലുകള്‍ തഴുകി എത്തുന്ന കൊച്ചു കൊച്ചു തിരമാലകള്‍. ശാന്തമായ കടല്‍.
തന്റെ കൈയ്യിലെ സ്വര്‍ണ്ണ മോതിരം നെഞ്ചോടമര്‍ത്തി അയാള്‍ ഒരു നിമിഷം നിന്നു. മനസ്സില്‍ തുടരുന്ന രാഗലയം.
അകലെ ദാസനും ചന്ദ്രികയും സ്വയം ലയിച്ചുണരുന്ന മാഹിയുടെ വെള്ളാരം കല്ലുകള്‍. കൈകോര്‍ത്ത്, കടല്‍ നോക്കി, എന്തോ പറഞ്ഞു, ചിരിച്ചു മെല്ലെ നടന്നു വരുന്ന വൃദ്ധ ദമ്പതികള്‍. വൃദ്ധയുടെ കണ്ണടയില്‍ പതിഞ്ഞ ബാഷ്പ പടലങ്ങള്‍ തുടച്ച് അവരുടെ മൂക്കിന് തുംബത്ത് കണ്ണട വച്ചു കൊടുക്കുന്ന വൃദ്ധന്. “നാളെയല്ലേ ഉണ്ണി വരുന്നത്… എത്ര എത്ര നാളുകള്‍ക്ക് ശേഷം!.” വൃദ്ധയുടെ നനഞ്ഞ കണ്ണുകളില്‍ വിടരുന്ന പാല് പുഞ്ചിരി. അതില്‍ അലിയുന്ന വൃദ്ധന്റെ സ്വയം കൃതാര്‍ത്ഥനമായ ചിരി.
അവള്……
മണല്‍ പുറത്തു ചിതറികിടക്കുന്ന പുസ്തകങ്ങള്‍. കടല്‍ക്കാറ്റ് പതറിച്ച ഇടതൂര്‍ന്ന മുടിയിഴകള്‍.അവളുടെ ചുവന്ന ചൂരിദാര്‍ അലങ്കോലമാക്കിയത് ഈ കടല്‍ കാറ്റാവാം. തുടുത്ത കണ്ണുകള്‍ കലങ്ങിയത് ലവണഘനമുള്ള കടല്‍ കാറ്റിന്റെ ചൂര് കൊണ്ടാവാം. നടന്ന് അകലുമ്പോള്‍, അവള് പൂഴി മണലില്‍ എഴുതിയത് അയാള്‍ കണ്ടു:
“നാളെ.”
പതുക്കെ വരുന്ന തിരകള്‍, “നാളെ” യെ മെല്ലെ അലിയിച്ച് കടലിലേക്ക്…..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അതും നോക്കി, നനഞ്ഞ പൂഴി മണലില്‍, അവള്.
നാളെ, മായയോട് ഞാന്‍ പറയും, എനിക്കവളെ എന്തിഷ്ടമാണെന്ന്. ആദ്യമായി തന്നെ കാണുമ്പോള്‍ മായയുടെ മുഖത്ത് വിരിയുന്ന അതിശയാതിരേകം!. നാളെ…… അവളുടെ വിരലില്‍ ഈ മോതിരം……
എതിരെ അച്ഛന്റെയും അമ്മയുടെയും കൈ വിരലില്‍ തൂങ്ങി , താളം ചവിട്ടി വരുന്ന കുട്ടി.
“അച്ഛന് നാളെ തന്നെ എനിക്കു സൈക്കിള്‍ വാങ്ങി തരും, അല്ലേ”, അവന്റെ തലമുടിയില്‍ വിരലോടിച്ചു, പതുക്കെ “അതേ” എന്നു പറയുന്ന അച്ഛന്. “നാളെ അനു ഏട്ടനോടു പറയണം നിന്നെ ആ സൈക്കിള്‍ ഒന്നു പഠിപ്പിക്കാന്‍.” അമ്മ.
ബീച്ചിന്റെ ഒരറ്റത്തു, കലപിലകൂട്ടി കഥ പറയുന്ന പെണ് കുട്ടികള്‍. “നാളെയാണല്ലോ എന്‍ട്രന്‍സ് എക്സാമിന്റെ റിസല്‍റ്റ്… കടന്നു കിട്ടുമായിരിക്കുമല്ലേ..”, നെറ്റിയില്‍ വീഴുന്ന മുടി ഒതുക്കി, കാറ്റില്‍ പറക്കുന്ന തന്റെ സല്‍വാറിന്റെ ദുപ്പട്ട ഒതുക്കി, മനസ്സില്‍, മോഹത്തിരയില്‍ ആ പെണ് കുട്ടി. “നാളെയാ മജീദ്ക്ക ദുബായില്‍ നിന്നു വരുന്നത്”, കാറ്റിന്റെ നനവില്‍, ലജ്ജയില്‍ കുതിര്‍ന്നു, തന്റെ തട്ടം ഒന്നു നേരെയാക്കി കണ്ണില്‍ കഥകള്‍ നിറച്ചു മറ്റൊരു പെണ് കുട്ടി. “ഈ പ്രാവശ്യം വിടരുത് കേട്ടോ, നിക്കാഹ് കഴിപ്പിച്ചേ അടങ്ങാവൂ”, അവളുടെ കവിളില്‍ ഒന്നു പിഞ്ചി കളി പറയുന്ന കൂട്ടുകാരികള്‍.
ബീച്ചിന്റെ അറ്റം. അകലെ പാറയിടുക്കുകളില്‍ കല്ലുമ്മക്കായ പറിക്കുന്നവര്‍. ചുറ്റും വഞ്ചികള്‍ കടലിലേക്ക് ഇറക്കാന്‍ തിരക്ക് കൂട്ടുന്ന മുക്കുവര്‍. കൈയ്യില്‍ വലയും, തലയില്‍ ഈറ തൊപ്പിയുമായി, കൂട്ടുകാരോടൊത്തു വഞ്ചിയിലേക്ക് ഓടിക്കയറുന്ന ചെറുപ്പക്കാരന്. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍, കുറച്ചകലെ, കണ്ണില്‍ കണ്ണീര് തുളുംബി, പതറുന്ന ചൂണ്ടുകളോടെ കടലും വഞ്ചിയും നോക്കികൊണ്ടു നില്ക്കുന്ന ഒരു യുവതി. മനോഹരമായി കെട്ടി വരിഞ്ഞ വല വഞ്ചിയില്‍ വച്ച്, പൂഴിയിലൂടെ ഞരങ്ങി നീങ്ങുന്ന വഞ്ചിയില്‍ നിന്നും ചെറുപ്പക്കാരന്റെ മേഘസന്ദേശം: “ചാകരയാ തലശ്ശേരി കടലില്‍. നാളെ ആ ചാകരയുമായി ഇങ്ങ് വേഗം വരില്ലേ ഞാന്‍ എന്റെ പൊന്നെ!”, സ്നേഹ ദീപ്തമായി പ്രഭാത സൂര്യ കിരണങ്ങള്‍ വെട്ടി തിളങ്ങുന്ന യുവതിയുടെ മുഖം.
തിരികെ നടക്കാം.
ഇരു വശങ്ങളില് നിന്നും പരസ്പരം അടുത്തേക്ക് നടന്നു വരുന്ന പരിചയക്കാര്. “ഡോക്ടറെ, നാളെയാ എന്റെ വീട്ടില്‍കൂടല്‍, മറക്കല്ലേ”, “പിന്നല്ലേ, മറക്കുമോ ഞാന്‍. പക്ഷേ ഇത്തിരി വൈകും കേട്ടോ. നാളെ എനിക്കു ഒരു സിസേറിയന് ഉണ്ട്, ഹോസ്പിറ്റലില്‍.” ചിരിച്ചു, കൈകൊടുത്തു പിരിഞ്ഞു പോകുന്ന കൂട്ടുകാര്‍.
അവള്.
പൂഴി മണലില്‍ നനഞ്ഞിരിക്കുന്ന അവള്…. വലിയ അക്ഷരത്തില്‍ “നാളെ….Nothing….” എന്നു പൂഴിയില്‍…..നനഞ്ഞ പൂഴിയില്‍ കുതിര്‍ന്ന വിരലുകള്‍. സാവധാനം ഒഴുകിയെത്തുന്ന പതഞ്ഞു നുരഞ്ഞ തിരകള്‍. തീരം തഴുകി, അവളുടെ ചെരിപ്പിടാത്ത വെളുത്ത കാലുകള്‍ എത്തിപ്പിടിച്ചു, ഒരു നിമിഷം ആ കാലുകളില്‍ തങ്ങി നിന്നു തിരിച്ചു പോകുന്ന തിരകള്‍. അയാള്‍ അവളുടെ അടുത്തിരുന്നു. അവള് ഒന്നും പറയാതെ.
കടലുപ്പിന്റെ രസം കലര്‍ന്ന നനവ് അയാളുടെ വസ്ത്രങ്ങളില്‍…… അയാള്‍ അവളെ നോക്കി. അവളുടെ കണ്ണില്‍ ഒരു രാത്രിയുടെ ഇരുളിമ. വരണ്ട ചുണ്ടില്‍ കത്തി നശിച്ച നാളെകള്‍.
തന്റെ പെര്‍സില്‍ നിന്നും അയാള്‍ ഒരു ഫോട്ടോ എടുത്തു. കണ്ണില്‍ പ്രകാശം ഇല്ലാത്ത, എന്നാല്‍ ചുണ്ടില്‍ മധുരം കിനിയുന്ന മായ. “ഇത് മായ. മാഹീ ഹോസ്പിറ്റലിലാണ് ഇപ്പോള്‍.” ധവള മേഘങ്ങള്‍ പരന്നു കിടക്കുന്ന സാഗരാകാശം. “ഒരു നല്ല മനുഷ്യന് മരണാനന്തരം കൊടുത്ത കണ്ണുകളുമായി നാളെ അവളുണരും.” മേഘങ്ങളില്‍ തിളങ്ങുന്ന സൂര്യന്. “അപ്പോള്‍ അവളുടെ ചുണ്ടില്‍ മാത്രമല്ല , കണ്ണിലും ഉണരും ഈ പ്രഭാത സൂര്യന്.” കടലിലെ പൊന്‍ തിളക്കം. “ആദ്യം അവള് എന്നെയാണ് കാണുക.” അയാള്‍ അവളുടെ മുഖത്ത് നോക്കി. ജീവന് ഉണരാന്‍ വെമ്പുന്ന കറുത്ത കണ്ണുകള്‍. മായയുടെ കണ്ണുകള്‍. കൈ തുറന്നു സ്വര്‍ണ്ണ മോതിരം അയാള്‍ അവള്‍ക്ക്…
“ഇത് ഞാന്‍ മായക്കു കൊടുക്കും, നാളെ… അവള് ആദ്യമായി കാണുന്ന സ്വര്‍ണ്ണ മോതിരം…”. അവളുടെ ചുണ്ടില്‍ എവിടെയോ ഒരു പുഞ്ചിരി. അയാള്‍ കടലിലേക്കൊന്നു നോക്കി. മുന്നില്‍ സ്നേഹ സമുദ്രം.
“നാളെ ഞാനിതു മായക്കു കൊടുക്കുമ്പോള്‍, എനിക്കു കൂട്ടായി നീ വരുമോ?”.
സര്‍വ്വപാപനാശിനിയായ കടല്‍. അയാള്‍ എഴുന്നേറ്റു. കൈ നീട്ടിയപ്പോള്‍, അയാളുടെ കൈയ്യില്‍ പിടിച്ചു അവളും എഴുന്നേറ്റു. ഇളം കാറ്റ് വീശുന്ന കടല്‍ത്തീരത്തില്‍ സൂര്യനില്‍ കുളിച്ചു അവള് അയാള്‍ക്കൊപ്പം നടന്നു. കടലില്‍ നിന്നും, കടല്‍ത്തിരക്കോളില്‍ നിന്നും അകലേക്കു.