ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍

ശാക്തേയഗാനം (Song of Power)

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന കഥാസമാഹാരത്തിലെ, “വസൂരിമാല തബുരാട്ടി” എന്ന കഥയിലെ ഒരു ഭാഗം

ഭാഗം നാല്

ഉഗ്രപ്രതികാരവഹ്നിയായി
കത്തിപടരുന്ന ഞാന്‍, വസൂരിമാലാ !
ചീര്‍ഭയെ കൊല്ലാന്‍ ചിദംബരനാഥ
നിയോഗത്തീയില്‍ കുരുത്തവള്‍ ഞാന്‍!
പ്രാണനാം പതിയെ കൊന്നവളെ
മാരിവിത്തിന്നാള്‍ തളച്ചവള്‍ ഞാന്‍!

കല്ലാടീ… എവിടേ ചീര്‍ബ്ഭ!

കണ്ടു ചീര്‍ഭയെ ഞാന്‍ അകമലയില്‍
കണ്ടു ഞാനവളെ പുറമലയില്‍
ഒളിച്ചുകിടന്നാല്‍, പതുങ്ങിനടന്നാല്‍
പുരുഷാരത്തിന്നുള്ളില്‍ മറഞ്ഞു നിന്നാല്‍
എന്തു ധരിച്ചൂ ചീര്‍ഭയാം യക്ഷിണീ
കാണില്ല നിന്നെ എന്നു കരുതിയോ..
ലംബോധരയാം നിന്നുടെ ഈ
കള്ളി വസ്ത്രം ഞാന്‍ പിച്ചികീറും
ഉന്തി നില്‍കും നിന്‍റെ കര്‍ണ്ണഭാരം
ഉഗ്രമെന്‍ ഗദ്ഘത്താല്‍ അറുത്തെടുക്കും

ഒടുന്നോ നീ ചീര്‍ഭേ, എവിടത്തേക്കു
പേടിത്തൂറി നീ, ആര്‍ത്തലച്ചു?
മലയിടുക്കുകള്‍ താണ്ടി നീ ആ
ഗ്രാമപാത വീണ്ടും തീണ്ടിടുന്നോ.

ഞാനും ചാടുന്നു ഈ ഗ്രാമപാതേല്‍
നിന്നുടെ പിന്നാലേ ഓടിടുന്നു.
ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

പാതയിതോരത്ത് തന്നെയും കാത്തിതാ
ശ്വാനനാം വാഹനം കാത്തുനില്‍കൂ
പോരുന്നോ, കൂടുന്നോ ശ്വാനരാജാ
ചീര്‍ഭയെ നായാടി കൊന്നിടുവാന്‍
തിളക്കട്ടെ നിന്നിലെ വ്യാഘ്ര രക്തം
കടിച്ചു കീറുകീ ചീര്‍ഭയെ, സരമ്മപുത്രാ

വീഴുന്നു ചീര്‍ഭയീ മണ്ണിടത്തില്‍
കേഴുന്നൂ ദൈവീക മാപ്പിനായി

എടുക്കുന്നൂ, ഞാനീ വസൂരിമാല
ഘോരമാം എന്‍വാള്‍, താളത്തിലേ
വെട്ടുന്നൂ ചീര്‍ഭേടെ ശീര്‍ഷ ഭാരം
പൊട്ടിചിതറുന്നൂ ഈ മേഘഭണ്ടാകാരം!

വസൂരിമാല തബുരാട്ടി ഭാഗം ഒന്ന് വായിക്കുക

One thought on “ശാക്തേയഗാനം (Song of Power)”

  1. ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.

    ‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
    “പതിവുസായാഹ്നങ്ങളിൽ
    ഞാനും അവളും നടക്കാനിറങ്ങി,
    ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
    വാക്കുകൾ കൊറിക്കാൻ കൊടുത്തു,
    അവളെനിക്ക്‌ വേദനയുടെ
    ഒരു കമ്പളം നെയ്തുതന്നു.”

    ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.

    നെരൂദയുടെ പ്രണയകവിതകൾ ഓർമ്മിപ്പിക്കുന്നു ഇതിലെ പ്രണയവും വിരഹവും.

    “I do not love you as if you were salt-rose, or topaz,
    or the arrow of carnations the fire shoots off.
    I love you as certain dark things are to be loved,
    in secret, between the shadow and the soul.

    I love you as the plant that never blooms
    but carries in itself the light of hidden flowers;
    thanks to your love a certain solid fragrance,
    risen from the earth, lives darkly in my body.

    I love you without knowing how, or when, or from where.
    I love you straightforwardly, without complexities or pride;
    so I love you because I know no other way than this:

    where I does not exist, nor you,
    so close that your hand on my chest is my hand,
    so close that your eyes close as I fall asleep.”

    രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.

    തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി.

    പ്രൊഫഷണൽ ജീവിതത്തിൽ നിന്നും സമയം കണ്ടെത്തി ഗിരീഷ്‌ എഴുത്തിലേക്ക്‌ തിരിച്ചുവന്നതിൽ സന്തോഷം. എന്റെ പ്രിയസുഹൃത്തിനു എല്ലാ ഭാവുകങ്ങളും…. ഇതൊരു മറ്റൊരു തുടക്കമാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.