A Pre-Publication Review by Sajee Rayaroth

ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.
‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
“പതിവുസായാഹ്നങ്ങളിൽ
ഞാനും അവളും നടക്കാനിറങ്ങി,
ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
വാക്കുകൾ കൊറിക്കാൻ കൊടുത്തു,
അവളെനിക്ക്‌ വേദനയുടെ
ഒരു കമ്പളം നെയ്തുതന്നു.”

ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.
രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി

Published in Amazon Review

ഇതര ഭാഷയിലെ പ്രണയ ലേഖനങ്ങള്‍ : മലയാളം കഥകള്‍ – Available Now

മഞ്ഞുതുള്ളിയുടെ പ്രണയ മാധുര്യവും, നിഷ്കളങ്കമായ പ്രതികാരവും, രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള പ്രതിരോധവും പ്രതിബിംബിക്കുന്ന മലയാള മണമുള്ള കഥകള്‍.

ഉള്ളടക്കം ( മൂന്നു കഥകള്‍ )

വസൂരിമാല തബുരാട്ടി
ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍
കൂട്ടുപ്രതികള്‍

eBay
Buy from eBay

Publication Date:Nov 09 2014
ISBN/EAN13:1503171418 / 9781503171411
Page Count:74
Binding Type:US Trade Paper
Trim Size:6″ x 9″
Language:Malayalam
Color:Black and White
Related Categories:Fiction / Short Stories

 

കഥകള്‍

വസ്സൂരിമാല തബുരാട്ടി (Read an excerpt from the story Vasoorimala Tamburatti)

ഇതര ഭാഷകളിലെ പ്രണയലേഖനങ്ങള്‍ (Read an excerpt from the story “Ithara Bhashayile Pranaya Lekhanagal”)

കൂട്ടുപ്രതികള്‍ (Read an excerpt from the story “Kootuprathikal”)

 

(Photo courtesy: Sandeep Mohankumar)

ശാക്തേയഗാനം (Song of Power)

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന കഥാസമാഹാരത്തിലെ, “വസൂരിമാല തബുരാട്ടി” എന്ന കഥയിലെ ഒരു ഭാഗം

ഭാഗം നാല്

ഉഗ്രപ്രതികാരവഹ്നിയായി
കത്തിപടരുന്ന ഞാന്‍, വസൂരിമാലാ !
ചീര്‍ഭയെ കൊല്ലാന്‍ ചിദംബരനാഥ
നിയോഗത്തീയില്‍ കുരുത്തവള്‍ ഞാന്‍!
പ്രാണനാം പതിയെ കൊന്നവളെ
മാരിവിത്തിന്നാള്‍ തളച്ചവള്‍ ഞാന്‍!

കല്ലാടീ… എവിടേ ചീര്‍ബ്ഭ!

കണ്ടു ചീര്‍ഭയെ ഞാന്‍ അകമലയില്‍
കണ്ടു ഞാനവളെ പുറമലയില്‍
ഒളിച്ചുകിടന്നാല്‍, പതുങ്ങിനടന്നാല്‍
പുരുഷാരത്തിന്നുള്ളില്‍ മറഞ്ഞു നിന്നാല്‍
എന്തു ധരിച്ചൂ ചീര്‍ഭയാം യക്ഷിണീ
കാണില്ല നിന്നെ എന്നു കരുതിയോ..
ലംബോധരയാം നിന്നുടെ ഈ
കള്ളി വസ്ത്രം ഞാന്‍ പിച്ചികീറും
ഉന്തി നില്‍കും നിന്‍റെ കര്‍ണ്ണഭാരം
ഉഗ്രമെന്‍ ഗദ്ഘത്താല്‍ അറുത്തെടുക്കും

ഒടുന്നോ നീ ചീര്‍ഭേ, എവിടത്തേക്കു
പേടിത്തൂറി നീ, ആര്‍ത്തലച്ചു?
മലയിടുക്കുകള്‍ താണ്ടി നീ ആ
ഗ്രാമപാത വീണ്ടും തീണ്ടിടുന്നോ.

ഞാനും ചാടുന്നു ഈ ഗ്രാമപാതേല്‍
നിന്നുടെ പിന്നാലേ ഓടിടുന്നു.
ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

പാതയിതോരത്ത് തന്നെയും കാത്തിതാ
ശ്വാനനാം വാഹനം കാത്തുനില്‍കൂ
പോരുന്നോ, കൂടുന്നോ ശ്വാനരാജാ
ചീര്‍ഭയെ നായാടി കൊന്നിടുവാന്‍
തിളക്കട്ടെ നിന്നിലെ വ്യാഘ്ര രക്തം
കടിച്ചു കീറുകീ ചീര്‍ഭയെ, സരമ്മപുത്രാ

വീഴുന്നു ചീര്‍ഭയീ മണ്ണിടത്തില്‍
കേഴുന്നൂ ദൈവീക മാപ്പിനായി

എടുക്കുന്നൂ, ഞാനീ വസൂരിമാല
ഘോരമാം എന്‍വാള്‍, താളത്തിലേ
വെട്ടുന്നൂ ചീര്‍ഭേടെ ശീര്‍ഷ ഭാരം
പൊട്ടിചിതറുന്നൂ ഈ മേഘഭണ്ടാകാരം!

വസൂരിമാല തബുരാട്ടി ഭാഗം ഒന്ന് വായിക്കുക

വസൂരിമാല തബുരാട്ടി

വസൂരിമാല തബുരാട്ടി: കഥയുടെ ആദ്യ ഭാഗം

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

ഭാഗം  ഒന്ന്

കോട്ടെടാ ചെണ്ട.” സ്കൂളിന്‍റെ പകുതി പൊളിഞ്ഞ മതിലിന്‍റെ വിടവിലൂടെ കടന്നുവരുബോള്‍, സ്കൂള്‍ ബാത്ത് റൂമിന്‍റെയും എട്ടാംക്ലാസ് ബിയുടെയും മതില്‍ വിടവില്‍, തല മുങ്കാലുകള്‍ക്കിടയില്‍ തിരുകി പാതി ഉറങ്ങുന്ന ശംഭുവിനെ പ്രകാശന്‍ കണ്ടിരുന്നു. പക്ഷേ ക്ലാസ്സിന്‍റെ തിരിവില്‍ അരുണും സംഘവും ഉണ്ടാവും എന്നവന്‍ കരുത്തിയതേയില്ല. “മാരണങ്ങള്‍! ഇവരില്‍ നിന്നും എനിക്കു രക്ഷയില്ലല്ലോ ഭഗവതീ..”.

അവറ്റകളെ കണ്ടതും പ്രകാശന്‍ ആദ്യം ഓര്‍ത്തത് തന്‍റെ തവിട്ടുനിറത്തിലുള്ള കള്സ്സത്തിനുള്ളിലെ അയിമ്പത് പൈസയെയായിരുന്നു. ഇന്നെങ്ങിലും അതിനെ രക്ഷിക്കണം. കീശയില്‍ നിന്നു പെട്ടെന്നു അയിമ്പത് പൈസത്തുട്ടെടുത് പ്രകാശന്‍ വേഗം വാതുറന്നു നാവിന്‍ ഇടയില്‍ തിരുകി. “ബേറെ ഏടവെച്ചാലും അവന്മാര്‍ തിരഞ്ഞു പിടിക്കും.”

അരുണ്‍, എട്ടാം ക്ലാസ്സിലെ ഏറ്റവും വലിയ തടിമാടനാണ്. തന്നേകാള്‍ വലിയ ഒരു കുമ്പയും, തടിച്ചു പുറത്തു ഉന്തിനില്‍ക്കുന്ന ചെവിയും ഉള്ള അവനെ കണ്ടാല്‍ തന്നെ പേടിയാവും. അവന്‍റെ തടിച്ചു മെഴുക് തേച്ചു പുരട്ടിയ  കൈ മുട്ട് കൊണ്ടുള്ള ചൊട്ടിന് നല്ല എരിവാണ്. പൊക്കം വളരെ കൂടുതല്‍ ഉള്ളതുകൊണ്ടു, തല താഴ്ത്തി, കഴുത്ത് തെല്ലൊന്നു ചെരിച്ചു, മൂക്ക് വികസ്സിപ്പിച്ചാണവന്‍ സംസാരിക്കുക. സംസാരം എന്നു പറയാന്‍ വയ്യ. കൂക്കിവിളിയെന്നേ പറയനാവൂ. അവന്‍റെ കൂടെ എപ്പോഴും വാലും പിടിച്ച് അശോകും ഉണ്ട്. മെലിഞ്ഞ കൈകാലുകള്‍ ഒരു വല്ലാത്ത രീതിയില്‍ എപ്പോഴും ചലിപ്പിച്ചു നടക്കുന്ന അശോകന് അരുണ്‍ വലിയ നേതാവാണ്.

ശംഭുവിനെ നോക്കി നാക്ക് നീട്ടി പിന്നെ കൊഞ്ഞണം കുത്തിയശേഷം അരുണ്‍ പ്രകാശനെ ഒന്നു അമര്‍ത്തി നോക്കി. അശോകിന്‍റെ കൈയ്യില്‍നിന്നും സ്കൂള്‍ ബാഗ് പിടിച്ചെടുത്ത് പ്രകാശനു നല്കി, ഒന്നുകൂടി അട്ടഹസിച്ചു: “കൊട്ടെടാ ചെണ്ട.”.

ബാഗ് വാങ്ങി, മടിച്ച് മടിച്ച്, മെല്ലെ കൈയ്യുയര്‍ത്തി, പ്രകാശന്‍ ചെണ്ട കൊട്ടുന്നതായി നടിച്ചു.

“ഇങ്ങനെ ആണോടാ, മലയാ നീ ചെണ്ട കൊട്ടുവാ, ശരിക്കും മെയ്യനങ്ങി കോട്ട്”.

ഇടയാന്തൂര്‍ കാവില്‍ വലിയമ്മാവന്‍ വസൂരിമാലയായി ഉറഞ്ഞാടുബോള്‍ പഴയ വെള്ളമുണ്ട് കൊണ്ടു ഉണ്ടാക്കിയ തോള്‍വളവില്‍ കെട്ടിവച്ച ചെണ്ടയില്‍ പുളി മരത്തണ്ടു കൊണ്ട് തകര്‍ത്ത് കൊട്ടുന്ന അച്ഛന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന കൈ മസ്സിലുകളുടെ വേഗം ഓര്‍ത്തപ്പോള്‍, ഒരു വല്ലാത്ത ഊര്‍ജ്ജം പ്രകാശനില്‍ നിറഞ്ഞു. ബാഗ് ഒരു കൈ മുതുകില്‍ ഇട്ടു, ശരീരം മുന്നോട്ട് വളച്ച്, കൈയിലുള്ള സംങ്കല്‍പ ചെണ്ട മുന്നോട്ട് ഉയര്‍ത്തി പ്രകാശന്‍ കൊട്ടാന്‍ തുടങ്ങി. “ഓന്‍റെ ഒരു ബാഗ്!.. അതെങ്കിലും ഞാന്‍ ഒന്നു തല്ലി പൊളിക്കട്ടെ ..”

അകലെ ലക്ഷ്മി ഇതും കണ്ടു വരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ പ്രകാശന് വിഷമം കുറച്ചല്ല തോന്നിയത്. തന്‍റെ പച്ച നിറത്തിലുള്ള ബാഗ് പിന്നില്‍ തൂക്കിയിട്ട്, നല്ല വെളിച്ചെണ്ണയിട്ട നീളന്‍ കറുമ്പന്‍ മുടി നിവര്‍ത്തിയിട്ട്, തവിട്ടുനിറത്തിലുള്ള പാവടയും വെള്ള ഷര്‍ട്ടും ഇട്ടു വരുന്ന ലക്ഷ്മിയെ പ്രകാശന് തെല്ലൊന്നുമല്ല ഇഷ്ടം.

“ഇവനൊക്കെ പറയുന്നതും കേട്ടു തുള്ളുന്നതിന് പകരം, നടു നീര്‍ത്ത് നിന്ന്‍ എതിര്‍ത്തു നിക്വാ വേണ്ടത്”, പല പ്രാവശ്യം ലക്ഷ്മി പ്രകാശനോട് പറഞ്ഞിരിക്കുന്നു.

“ഓള്‍ക്കത്ത് പറയാം. നല്ല കിഴുക്ക് കിട്ടുന്നത് അവള്‍ക്ക് അല്ലല്ലോ”

 

ശംഭു അരുണിനെ നോക്കി ഒന്നമറി. നിലത്തു നിന്നു ഒരു കല്ല് എടുത്ത് അരുണ്‍ അവനെ നോക്കി ഒറ്റ ഏറുകൊടുത്തു. കാലില്‍ കൊണ്ട കല്ലിന്‍റെ കൂര്‍ത്ത വേദന കൊണ്ട് ശംഭു ഒന്നന്താളിച്ചു. അരുണിനെ നോക്കി, ഇത് പന്തിയല്ല എന്നു കണ്ടവന്‍ മതില് ചാണ്ടി ഓടി മറഞ്ഞു. കൊട്ടാനായ് ഉയര്‍ത്തിയ കൈയ്യിനിടയിലൂടെ പ്രകാശിന്‍റെ കീശയില്‍ കൈയിട്ടു അരുണ്‍ പരത്താന്‍ തുടങ്ങി. “ഇന്ന് നീ പൈസയൊന്നും കൊണ്ടുവന്നില്ലേ.., ഇന്നലെ വിട്ടപ്പോള്‍ പറഞ്ഞതല്ലെ ഇന്ന് പൈസ കൊണ്ട് വരാന്‍?” ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ചു വലിച്ചു, അരുണ്‍ ചോദിച്ചു. വായില്‍ അമ്പത് പൈസ ഒളിപ്പിച്ചു വച്ചത് കൊണ്ട് പ്രകാശന്‍ ഒന്നും മിണ്ടിയില്ല. “ഓന്‍റെ വായില്‍ ന്തോ ഉണ്ട്”, അശോകന്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ബഹു മിടുക്കനാണ്. “എന്താടാ വായില്‍”, എന്നു പറഞ്ഞു അരുണ്‍ പ്രകാശന്‍റെ കവിള്‍ രണ്ടും അമര്‍ത്തിപ്പിടിച്ചു. വേദന കൊണ്ട് വാ പിളര്‍ന്നപ്പോള്‍ തുപ്പല് പുരണ്ട അയിമ്പത്തു പൈസ താഴെ വീണു.

ഉളിപ്പില്ലാതെ മണ്ണില്‍ പുരണ്ട ആ അയിമ്പത്തു പൈസ എടുത്തു, “നീ ഇപ്പം പോ” എന്നാഞാപ്പിച്ചു അരുണ്‍ നേരെ ഓയില്‍ച്ചമുട്ടായി വില്‍ക്കുന്ന കണേരേട്ടന്‍റെ അടുത്തേക്ക് പാഞ്ഞു. പുറകെ അശോകും. കുറച്ചകലെ മുറത്തില്‍ വിരിച്ച് വച്ച ഓയില്‍ച്ചമുട്ടായുമായി ഇരിക്കുന്ന കണേരേട്ടനെ പ്രകാശന് കാണാം. അയാളില്‍ നിന്നു മൂന്നു ഓയില്‍ച്ചമുട്ടായും വാങ്ങി രണ്ടെണ്ണം ഒരുമിച്ച് വായിലിട്ട് ഒന്നു അശോകനും കൊടുത്ത് വിജയിയായി പോവുന്ന അരുണിനെ കണ്ടപ്പോള്‍ പ്രകാശന്‍റെ കണ്ണു നിറഞ്ഞില്ല. മുന്‍പൊക്കെയായിരുന്നെങ്കില്‍ അവനൊന്നു കരഞ്ഞേനെ. പക്ഷേ ഇപ്പോള്‍ അവന്‍ വ്രതത്തിലാണ്. വ്രതത്തിലിരുക്കുമ്പോ മനസ്സ് വെഷമിക്കരുത്, അത് ശുദ്ധമാക്കി വെയ്ക്കണം എന്നു പലപ്രാവശ്യം വലിയമ്മാവന്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു.